06:30pm 11 November 2026
NEWS
സമീർ സക്സേന ദക്ഷിണ നാവിക സേനാ മേധാവിയായി ചുമതലയേറ്റു
31/10/2025  11:35 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സമീർ സക്സേന ദക്ഷിണ നാവിക സേനാ മേധാവിയായി ചുമതലയേറ്റു
HIGHLIGHTS

ദക്ഷിണ നാവികസേനാ മേധാവിയായി ചുമതലയേറ്റ വൈസ് അഡ്മിറൽ സമീർ സക്സേന സതേൺ കമാൻഡിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ സല്യൂട്ട് സ്വീകരിക്കുന്നു.

 

കൊച്ചി: ദക്ഷിണ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ സമീർ സക്സേന ചുമതലയേറ്റു. കൊച്ചിയിലെ സതേൺ കമാൻഡ് ആസ്ഥാനത്ത് ഇന്ന് രാവിലെ നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന വൈസ്അഡ്മിറൽ വി.ശ്രീനിവാസിൽ നിന്ന് സ്ഥാനചിഹ്നങ്ങൾ ഏറ്റുവാങ്ങി. പരമ്പരാഗത സൈനിക ചടങ്ങുകൾക്ക് മുന്നോടിയായി ഇരുവരും സതേൺ കമാൻഡിലെ യുദ്ധസ്മാരകത്തിൽ ധീര ജവാൻമാർക്ക് പ്രണാമം അർപ്പിച്ചു.

 1989 ൽ നാവികസേനയിൽ കമ്മീഷൻഡ് ഓഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങിയ വൈസ് അഡ്മിറൽ സമീർ സക്സേന ദേശീയ പ്രതിരോധ അക്കാഡമി, വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, അമേരിക്കയിലെ ന്യൂ പോർട്ട് നേവൽ വാർ കോളേജ്  എന്നിവിടങ്ങളിലാണ് സൈനിക പഠനം പൂർത്തിയാക്കിയത്. നാവികസേനയുടെ അജയ്, സുകന്യ, അക്ഷയ് പടക്കപ്പലുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. നാവിഗേഷൻ, ഡയറക്ഷൻ വിദഗ്ധനായ അദ്ദേഹം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിരാടിലും പടക്കപ്പലുകളായ ഐ.എൻ.എസ് കുത്താർ, ഗോദാവരി, ഡെൽഹി എന്നിവയിലും നാവിഗേറ്റിങ്ങ് ഓഫീസറായി. ഐ.എൻ.എസ് മുംബൈയുടെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. മൗറീഷ്യസ് പടക്കപ്പൽ ഗാർഡിയനിലും ഐ.എൻ.എസ് കുലിഷിലും മൈസൂരിലും കമാൻഡിങ്ങ് ഓഫീസറായി.  പശ്ചിമ നാവിക സേനയിൽ ഫ്ലീറ്റ് ഓപ്പറേഷൻസ് ഓഫീസർ സ്ഥാനവും വഹിച്ചു. 


2020ൽ റിയർ അഡ്മിറലായി സ്ഥാനക്കയറ്റം ലഭിച്ചു. 2021 നവംബർ മുതൽ 2022 നവംബർ വരെ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിംഗ് ഓഫീസറായിരുന്നു. 2023 ൽ വൈസ് അഡ്മിറലായപ്പോൾ ഈസ്റ്റേൺ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായി. 2017ൽ നൗ സേനാ മെഡലും 2023 ൽ അതിവി ശിഷ്ട സേവാ മെഡലും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ലബോണി സക്സേണയാണ് ഭാര്യ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img